ടെഹ്റാൻ: ഇസ്രയേൽ അമേരിക്കയുമായി ചേർന്ന് നടത്തിയ സൈനിക ആക്രമണത്തിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖൊമേനിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഖൊമേനി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻ്റും ഇസ്രായേലും പ്രഖ്യാപിച്ച് അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാൻ ടിവിയും ഖൊമേനിയുടെ മരണം സ്ഥിരീകരിച്ചു. ഖൊമേനിയുടെ മരണത്തെതുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖൊമേനി. ഖൊമേനി കൊല്ലപ്പെട്ടെന്ന അവകാശവാദം ഡൊണാൾഡ് ട്രംപാണ് ആദ്യം ഉന്നയിച്ചത്. ചരിത്രത്തിലെ ഏറ്റവും ദുഷ്ടരിൽ ഒരാളായിരുന്നു ഖൊമേനി. അയാൾ കൊല്ലപ്പെട്ടതിനാൽ ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, യുഎസിലെ ജനങ്ങൾക്ക് കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞു.