ന്യൂഡല്‍ഹി: ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', ഗ്യാസ് സര്‍ചാര്‍ജ്’' തുടങ്ങിയ പേരുകളില്‍ അധിക തുക ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.
ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില. എല്‍പിജി, വൈദ്യുതി തുടങ്ങിയവയുടെ വില വര്‍ദ്ധനവ്, പ്രവര്‍ത്തനച്ചെലവ് എന്നിവ ഭക്ഷണ വിലയിൽ നിശ്ചയിക്കണമെന്നാണ് നിര്‍ദ്ദേശം.
ഭക്ഷണവിലയുടെ പുറമെ മെനുവിൽ നികുതി (ജിഎസ്ടി) മാത്രമേ ഈടാക്കാവൂ. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടൽ. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശ്ശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.