കോഴിക്കോട്: സഞ്ചാരികളുടെ കാത്തുകാത്തിരിപ്പിന് വിരാമം. കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സ് ഒടുവിൽ കോഴിക്കോട് നഗരത്തിലൂടെ സർവ്വീസ് തുടങ്ങി. ഇന്ന് വൈകീട്ട് 4.30 നായിരുന്നു ആദ്യ സർവീസ്. മാർച്ച് 10ന് മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്‌തെങ്കിലും ഡബിൾ ഡെക്കർ ബസ്സിന് തടസ്സമായുള്ള റോഡിലെ കേബിളുകൾ മാറ്റേണ്ടതുള്ളതിനാൽ സർവീസ് വൈകുകയായിരുന്നു. ഇത് ഏറെ ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു.
കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് സിറ്റി റൈഡ് ആരംഭിച്ചത്. ബസ്സിൽ മുകളിൽ 36 പേർക്കും താഴെ 28 പേർക്കും സഞ്ചരിക്കാം. മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് മാത്രമാണ് യാത്ര സാധ്യമാകുക. മുകളിലെ ഡക്കിൽ 200 രൂപ, താഴത്തെ ഡക്കിൽ 100 രൂപ എന്നിങ്ങനെയാണ് യാത്രാ നിരക്ക്. 28 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ലഭിക്കുക.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര തുടങ്ങുക. അരയിടത്ത് പാലം, സരോവരം, എരഞ്ഞിപ്പാലം, മാനാഞ്ചിറ, പാളയം, സൗത്ത് ബീച്ച്, കോതി പാലത്തിന് അടുത്തെത്തും. ഇവിടെ നിന്ന് തിരിച്ച് ബീച്ച് വഴി ഭട്ട് റോഡ് ബീച്ചുവരെ. അവിടെ നിന്ന് ഗാന്ധിറോഡ് മേൽപ്പാലം, ക്രിസ്ത്യൻ കോളേജ് ക്രോസ് റോഡിലൂടെ തിരിച്ചെത്തും. വൈകീട്ട് 3.00, 4.30, 6.00, 7.30, 9.00 എന്നിങ്ങനെയാണ് സമയക്രമം.