കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്-5 എച്ച്-1 വകഭേദമാണ് സ്ഥിരീകരിച്ചത്.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ദ്രുതകർമ്മസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.