കാക്കൂർ: കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂരിൽ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായി. കർഷകനായ കൊല്ലന്റെപുറായിൽ ശശിയുടെ അൻപത് വാഴകൾ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നികൾ നശിപ്പിച്ചു. പറമ്പിൽ കൃഷി ചെയ്തിരുന്ന വാഴ ഉൾപ്പെടെയുള്ള വിളകളാണ് പൂർണമായും നശിപ്പിച്ചത്.
വയലുകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് പുരയോട് ചേർന്നുള്ള പറമ്പുകളിലേക്ക് കൃഷി മാറ്റിയെങ്കിലും രക്ഷയില്ല. അവിടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വലിയ മുതൽ മുടക്കിൽ നട്ടു വളർത്തിയ വാഴകളാണ് ഒറ്റരാത്രികൊണ്ട് പിഴുതെറിഞ്ഞ് കളഞ്ഞതെന്ന് കർഷകൻ പറഞ്ഞു. ഇതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ശശി വ്യക്തമാക്കി.
കാട്ടുപന്നികളുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് ഒട്ടേറെ കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തത് കർഷകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ കൃഷിനാശം തുടരുകയാണെങ്കിൽ കാർഷിക മേഖലയ്ക്ക് ഗുരുതര തിരിച്ചടിയുണ്ടാകുമെന്ന് കർഷക സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
കാട്ടുപന്നികളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും നശിച്ച വിളകൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.