കോഴിക്കോട്: വേനൽ ചൂടിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ ആശങ്കയുയർത്തി വയറിളക്ക രോഗങ്ങൾ പടരുന്നു. കഴിഞ്ഞമാസം 4142 പേരാണ് വിവിധ വയറിളക്ക രോഗങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടിയതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. മലിനമാക്കപ്പെട്ട ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പാനീയങ്ങളിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പിടിപെടുന്നത്. കൂടാതെ മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം 54 പേർക്ക് ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപ്പെട്ട രോഗം സ്ഥിരീകരിച്ചത്. തിളപ്പിക്കാതെ വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നതായി ചൂണ്ടികാട്ടുന്നത്.
നോമ്പ് തുറ വിഭവങ്ങളുമായി റോഡരികുകളിലും മറ്റും നിരവധി സ്ഥലങ്ങളിൽ ഉപ്പിലിട്ടതും കുലുക്കി സർബർത്ത്, വിവിധ തരം ജ്യൂസുകൾ, എണ്ണപലഹാരങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തുന്ന നിരവധി കടകളുണ്ട്. കരിമ്പ്, തണ്ണിമത്തൻ, മുന്തരി ജ്യൂസുകൾ മാത്രം വിൽക്കുന്ന കടകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇവയിൽ പലതും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. ജ്യൂസുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമല്ലെങ്കിൽ വയറിളക്കരോഗങ്ങൾ പടരാനും ഇടയാകും. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്നു തന്നെ ചീത്തയായി പോകാനും സാധ്യതയുണ്ട്.
പ്രതിരോധിക്കാം.
1. ശുദ്ധമായ ജലം മാത്രം കുടിക്കുക.
2. സൂര്യപ്രകാശം ഏൽക്കുന്നവർ കയ്യിൽ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതണം.
3. കടകളിൽ നിന്ന് പാനീയങ്ങൾ, പഴച്ചാറുകൾ, സിപ്അപ് എന്നിവ വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.
4. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക.
5. വഴിയോരങ്ങളിലും കടകളിലും തുറന്നുവെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്.
6. പഴവർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
7. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം.
8. ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും മലവിസർജനത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് നിർബന്ധമായും കൈകൾ കഴുകണം.
പരിശോധന ഇന്നും നാളെയും
സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഇന്നും നാളെയും പരിശോധന നടത്തും. 13 സർക്കിളുകളിലായി 10 സ്ക്വാഡുകളായി തിരിഞ്ഞ് വെെകുന്നേരങ്ങളിലാണ് പരിശോധന. വഴിയോര കച്ചവട സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുക. സുരക്ഷിതമല്ലാത്ത ഭക്ഷണം വിൽപ്പന നടത്തിയാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശ്ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ നോഡൽ ഓഫീസർ അർജുൻ വ്യക്തമാക്കി.