മൈസൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുപോയ സ്ലീപ്പർ ബസ്സ് അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഹീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണംവിട്ട ബസ്സ് റോഡരികിലെ റെയ്‌ലിങ്ങിൽ ഇടിച്ചുകയറുകയായിരുന്നു. പി.കെ ട്രാവൽസ് എന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
മൈസൂർ ചന്നപട്ടണയ്ക്കു സമീപം ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. 36 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഈദ് അവധി കഴിഞ്ഞ് ബംഗളൂരുവിലെ ജോലി സ്ഥലത്തേക്കും കോളേജുകളിലേക്കും പോകുന്നവരായിരുന്നു ബസ്സിലണ്ടായിരുന്നവരിൽ അധികം പേരും. മറ്റ് യാത്രക്കാർക്ക് നിസ്സാരമായ പരിക്കേറ്റു. ഇവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.