പേരാമ്പ്ര: പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഓട്ടോഡ്രൈവരുടെ മർദ്ദനം. ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ച് വെച്ചത് ചോദ്യം ചെയ്തതിന് മർദ്ദിച്ചെന്നാണ് പരാതി. കൂത്താളി സ്വദേശിയായ ഉഷയ്ക്കാണ് മർദ്ദനമേറ്റത്. മൂരികുത്തി പ്രോമിസ് ഫ്യൂവൽസ് ജീവനക്കാരിയാണ് ഉഷ.
മാർച്ച് 19 രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഓട്ടോയിൽ ഇന്ധനം നിറയ്ക്കുമ്പോൾ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചു. കത്തിച്ചാൽ നീ എന്തുചെയ്യും എന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുകയും ഡീസൽ ടാങ്കിന്റെ അടപ്പുകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു.
പെട്രോൾ പമ്പ് ജീവനക്കാരിയെ കയ്യേറ്റം ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തലയ്ക്ക് പരിക്കേറ്റ ഉഷ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതി.