Trending

ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷൻ നിര്‍മ്മിച്ച്‌ പണം തട്ടാൻ ശ്രമം; യുവാക്കള്‍ പിടിയില്‍.


കൊയിലാണ്ടി: ഫോൺ പേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ച്‌ പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സല്‍ ഹമീൻ എന്നിവരാണ് പിടിയിലായത്. സൈബർ ക്രൈം പോലീസ് ആണ് ഇരുവരെയും പിടികൂടിയത്. വടകര റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ യുവതികളില്‍ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. 

ഫോൺ പേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി. യുവതികളില്‍ നിന്നും പണം വാങ്ങിയ ശേഷം ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തിരികെ അയച്ചതായി സ്ക്രീൻ ഷോട്ട് കാണിച്ച്‌ യുവാക്കള്‍ മുങ്ങാൻ ശ്രമിച്ചു. പണം തിരികെ അയക്കാതെ ആപ്ലിക്കേഷനില്‍ ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന തരത്തില്‍ കൃത്രിമമായി തയ്യാറാക്കിയ ഇന്റർഫേസ് ഉപയോഗിച്ച്‌ ഇരകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പ്രതികളുടെ രീതി.

ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതികള്‍ സംഭവം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സൈബർ ക്രൈം പോലീസെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post