റിയാദ്: സൗദി അറേബ്യയിൽ വയനാട് സ്വദേശിയായ യുവതി വാഹനാപകടത്തിൽ മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറ, ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. കൂടെ യാത്ര ചെയ്ത ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം ദമ്മാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രാ മദ്ധ്യേയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.