കൊച്ചി: കൊച്ചി കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൊക്കൈയ്ൻ അടക്കമുള്ള ലഹരിമരുന്നുമായി എട്ടു പേർ പിടിയിൽ. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും അടക്കമുള്ള യുവതി യുവാക്കളാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജി ഫെർണാഡോ എന്ന ഷോൺ ആണ് സംഘത്തിലെ പ്രധാനി.
കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കലൂർ സ്വദേശിയും റെസ്റ്റോറൻ്റ് ഉടമയുമായ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസിനസ്സുകാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബർ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ പോലീസ് പിടിച്ചെടുത്തു. ഈവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ത്ഥികൾക്കും മയക്കു മരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പോലീസ് പറയുന്നു.
കടവന്ത്ര എസ്എച്ച്ഒ ആര്‍.ബിജു, എസ്ഐ പി.ആര്‍ രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പോലീസ് ഓഫീസർ മാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജാമ്യം ലഭിക്കുന്ന അളവിലായിരുന്നു ലഹരിമരുന്ന് എന്നതിനാൽ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.