കോഴിക്കോട്: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകം. കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിൽ പറയുന്ന വില കൊടുത്താൽ ആവശ്യക്കാര്‍ക്ക് എത്ര എൽപിജി സിലിണ്ടര്‍ വേണമെങ്കിലും ലഭിക്കും. 1800 രൂപ വിലവരുന്ന 17 കിലോഗ്രാം സിലിണ്ടറിന് 3500 രൂപയും 800 രൂപ വിലയുള്ള രണ്ട് കിലോയുടെ സിലിണ്ടറിന് 1100 രൂപയുമാണ് ഇത്തരത്തിൽ ഈടാക്കുന്നത്.
സ്റ്റേഡിയത്തിന് സമീപത്തെ കടകളിലുൾപ്പെടെ കരിഞ്ചന്ത വിൽപ്പന നടക്കുന്നുണ്ട്. ലോറികളിലും ബോട്ടുകളിലും ദീര്‍ഘയാത്രകൾ ചെയ്യുന്നവരും തട്ടുകട നടത്തുന്നവരുമാണ് 2 കിലോയുടെ സിലിണ്ടര്‍ വാങ്ങാൻ എത്തുന്നവരിൽ ഏറെയും. ഗ്യാസ് ഏജൻസികളുടെ മറവിലാണ് പല കരിഞ്ചന്ത വിൽപ്പനകളും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കിലോയുടേത് അപ്പോൾ തന്നെയും 17 കിലോഗ്രാം സിലിണ്ടറുകൾ മൂന്ന് ദിവസത്തിനുള്ളിലുമാണ് ലഭിക്കുന്നതെന്ന് കോഴിക്കോട് ബീച്ച് പരിസരത്തെ ഒരു തട്ടുകടക്കാരൻ പറഞ്ഞു.
അതേസമയം, നഗരത്തിൽ പെരുന്നാളിനോട് അനുബന്ധിച്ച് പൂട്ടിയ ഹോട്ടലുകൾ പലതും തുറന്നിട്ടില്ല. വിഭവങ്ങൾ വെട്ടിക്കുറച്ചും മറ്റും പ്രതിസന്ധിയ്ക്കിടയിലും പെരുന്നാൾ വരെ കഷ്ടിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു പലതും. പല കടകളും തൊഴിലാളികളുടെ ചെലവിന് വേണ്ടി മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. പാമോയിലിൻ്റെ വിലയും കൂടിയതോടെ പൊറോട്ടയ്ക്കും ബിരിയാണിയ്ക്കും കറികൾക്കുമെല്ലാം വിലയും വര്‍ദ്ധിപ്പിച്ചു. നഗരത്തിലെ വിവിധ ഹോസ്റ്റലുകൾ അടയ്ക്കുകയും സ്വകാര്യ സ്ഥാപനങ്ങൾ വര്‍ക്ക് ഫ്രം ഹോം സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തത് തുടരുകയാണ്.