Trending

താമരശ്ശേരി പുതുപ്പാടിയിൽ വേട്ടയാടിയ കലമാനുകളുമായി നായാട്ടു സംഘാഗം പിടിയിൽ.

താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിൽപ്പെട്ട പുതുപ്പാടിയിൽ വേട്ടയാടിപ്പിടിച്ച കലമാനുകളുമായി യുവാവ് പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് ഇയ്യമടത്തിൽ അബദുൽ സമദിനെയാണ് വേട്ടയാടിയ മാനുകളും തോക്കും സഹിതം താമരശ്ശേരി ഫോറസ്റ്റ് സംഘം പിടികൂടിയത്. പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 2.30 മുതൽ വനപാലകർ നടത്തിയ തിരച്ചിലിലാണ് നായാട്ടു സംഘത്തിൽപ്പെട്ട യുവാവിനെ പിടികൂടിയത്.

സംഘത്തിൽപ്പെട്ട കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫൽ എന്നിവർ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുകളുമായി ഓടി രക്ഷപ്പെട്ടു. വെടിയേറ്റ നിലയിലുള്ള ഒരു മാനിനെ അബ്ദുസമദിനെ പിടികൂടുന്ന അവസരത്തിൽ ഇയാളുടെ കൈവശം വെച്ചും, മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിൽ ഇവർ റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നുമാണ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച മറ്റൊരു കാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കാറിലാണ് മൂന്നുപേർ രക്ഷപ്പെട്ടതെന്നാണ് സംശയം.

പുലർച്ചെയോടെ വനത്തികത്ത് പ്രവേശിച്ച വനപാലക സംഘം കാടിനകത്ത് വെളിച്ചം കണ്ടതിനെ തുടർന്ന് ആ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ആ സമയത്താണ് വെടിവെച്ച് കൊന്ന മാനുമായി സമദ് നിൽക്കുന്നത് കാണുന്നത്. നിലമ്പൂർ ഭാഗത്ത് നിന്നും നിരവധി നായാട്ടു സംഘങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായാട്ടിനായി എത്തിയതായി വിവരം ലഭിച്ചതായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ പറഞ്ഞു. ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി ബൈജു, ജിഎസ്എഫ്ഒ എം.ടി സുധീഷ്, ബിഎഫ്ഒമാരായ ഷനീഷ് വി.എസ്, കെ. അമീർ ഷാ, ഫോറസ്റ്റ് വാച്ചർമാരായ ലജുമോൻ പി.ഡി, രവി പി.ആർ, സജിത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post