Trending

പൂർണ ഗർഭിണി കുഴഞ്ഞുവീണു മരിച്ചു; താലൂക്കാശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ.


പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണി കുഴഞ്ഞുവീണു മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ(29)യാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തു. ഈ മാസം 16ന് ആണ് ഒൻപത് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് നൗഷിജ താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞുവീണത്. പിന്നാലെ വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതിയ്ക്ക് ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. ഇന്നലെ പുലർച്ചെ യുവതിക്ക് അമിത ക്ഷീണവും വേദനയും അനുഭവപ്പെട്ടതായും എന്നാൽ രാവിലെ 10 മണിക്ക് ഡോക്ടർ വന്നാലേ ചികിത്സ നൽകാനാവൂ എന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

സർക്കാർ ആശുപത്രികൾക്കെതിരേ ഒന്നിനു പിറകെ ഒന്നായി ചികിത്സാ പിഴവ് സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ സംഭവവും പുറത്തുവരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണകാരണവും ചികിത്സയിൽ വീഴ്ചയുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരികയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post