തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. 9,06,211 പേര് പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്. https://electoralsearch.eci.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.
വോട്ടർ ഐ.ഡി കാർഡ് നമ്പർ, വോട്ടറുടെ പേര്, വോട്ടറുടെ ബന്ധുവിന്റെ പേര്, ജനന തീയതി, ബി.എൽ.ഒക്ക് നൽകിയ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടർമാർക്ക് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in വഴി 'കേരള എസ്.ഐ.ആർ ഫൈനൽ ഇലക്‌ട്രോൾ 2026' എന്ന ലിങ്ക് വഴിയും പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.
കരട് വോട്ടർപട്ടികയ്ക്ക് ശേഷം പേര് ചേർക്കാൻ അപേക്ഷ നൽകിയവരുടെ പേരുകൾ ഹിയിറങ്ങും മാപ്പിങ്ങും നടത്തി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എസ്ഐആറിനുള്ള അപേക്ഷ നടപടികൾ ജനുവരി 31 ഓടെ അവസാനിച്ചിരിക്കുന്നു. എങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കലിന് അപേക്ഷ സമർപ്പിക്കൽ തുടരുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം 1.23 ലക്ഷം പുതിയ അപേക്ഷകൾ (ഫോം 6) ലഭിച്ചിട്ടുണ്ട്.