കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനെ ത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, സാദിഖ് ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി എന്നിവർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ പുണ്യങ്ങളുടെ പൂക്കാലമായ റംസാനിലേക്ക് പ്രവേശിക്കുന്നത്.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ വർഷിക്കുന്ന മാസമാണ് റമസാൻ. ഖുർആൻ അവതരിച്ച മാസം. നന്മകൾക്ക് പതിൻമടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ ദിനരാത്രങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ പ്രാർത്ഥനകൾക്കും ദാനധർമ്മങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു. സമാധാനത്തിൻ്റെയും സഹനത്തിന്റെയും ഒരു മാസക്കാലം ആത്മവിശുദ്ധീകരണത്തിനുള്ള അവസരമായാണ് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ കാണുന്നത്.