താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. കാരാടി, വിരിട്ട്യാക്കിൽ സംസ്ഥാന പാതയുടെ അരികിലുള്ള കുറ്റിപ്പടി പ്രഭാകരൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്നു മൂന്ന് പവനോളം സ്വർണവും, 5000 രൂപയും നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം.
വീട്ടുടമ പ്രഭാകരൻ നമ്പ്യാരും, ഭാര്യയും കഴിഞ്ഞ നാലാം തിയ്യതി ബംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. നാളെ ഇവർ നാട്ടിൽ തിരിച്ചെത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ. വീടിനകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.
വീട് വൃത്തിയാക്കുന്നതിന് വേണ്ടി ജോലിക്കാരി ഇന്നലെ വീട്ടിൽ എത്തിയപ്പോഴാണ് വീടിൻ്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. താമരശ്ശേരി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിൽ പോലീസ് കാവലുണ്ട്.