Trending

പാളയം വസ്ത്രവ്യാപാര കേന്ദ്രത്തിലെ തീപിടുത്തം; തീ അണച്ചു; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു.


കോഴിക്കോട്: പാളയത്ത് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കി. ഫയർഫോഴ്സ് യൂണിറ്റുകളും എയർപോർട്ട് അതോറിറ്റിയുടെ ആധുനിക ഓസ്ട്രിയൻ പാന്തർ യൂണിറ്റുകളും ഉപയോഗിച്ച് രണ്ടര മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വെഡ്ഡിംഗ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ആദ്യം തീ പിടിച്ചിരുന്നത്. തുടർന്ന് ഇത് മൂന്നും നാലും നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ആകെ 18 ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കടയിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും വേഗത്തിൽ പുറത്തിറക്കിയെങ്കിലും രണ്ടുപേർക്ക് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

കോടികളുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇത് രണ്ടാം തവണയാണ് ടെക്സ്റ്റൈൽസ് അഗ്നിക്കിരയാകുന്നത്. 2023 ഏപ്രിലിൽ ആയിരുന്നു മുമ്പ് തീപിടുത്തമുണ്ടായിരുന്നത്. അന്നും കോടികളുടെ നഷ്ടമാണ് ഉണ്ടായിരുന്നത്. രണ്ട് കാറുകളും അന്ന് കത്തി നശിച്ചിരുന്നു.

Post a Comment

Previous Post Next Post