Trending

വ്യാജ ജീരകം വിൽപ്പനയ്ക്ക്; വിപണിയിലെത്തുന്നത് ജനപ്രിയ ബ്രാൻഡിന്റെ പേരിൽ.


ഭോപ്പാൽ: മധ്യപ്രദേശിൽ ജീരകമെന്ന പേരിൽ സിമന്റ് പുരട്ടിയ ജീരക വിത്തുകൾ വിൽപ്പനയ്ക്ക്. കേരളത്തിലടക്കം വില്പനക്കെത്തുന്ന പ്രശസ്ത‌ ബ്രാൻഡായ ശിവ്പുജാരി ബ്രാൻഡിന്റെ പേരിലാണ് ജീരകം വിപണിയിൽ എത്തുന്നത്. സിമൻ്റും കെമിക്കലുകളും കളറും കൃത്രിമമായ സുഗന്ധവും ചേർത്തുള്ള ജീരക വിത്തുകളാണ് ജീരകമെന്ന പേരിൽ വിൽക്കപ്പെടുന്നത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹിതേഷ് സിങ്കാൽ, മാ ഷീത്ല‌ കോൾഡ് സ്റ്റോറേജിന്റെ മാനേജർ മനോജ്, ടിറ്റു അഗർവാൾ എന്നിവരാണ് പ്രതികൾ.

ബഹോദാപൂരിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്നും 3.25 ലക്ഷത്തിലേറെ രൂപ വിലവരുന്ന 46 ചാക്ക് മായം ചേർത്ത ജീരകമാണ് പിടിച്ചെടുത്തത്. ഗുജറാത്തിലെ മെഹ്‌സാനയിൽ താമസിക്കുന്ന ശിവ്പൂജാരി ബ്രാൻഡിന്റെ ഉടമയായ വിമൽ കുമാർ പട്ടേലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ തൻ്റെ ബ്രാൻഡിന് സമാനമായ പാക്കേജിംഗ് നിയമവിരുദ്ധമായി അച്ചടിക്കുകയും അതിൻ്റെ പേരിൽ ഗുണനിലവാരമില്ലാത്തതും അപകടകരവുമായ ജീരകം വിപണിയിൽ എത്തിക്കുകയും ചെയ്‌തുവെന്ന് പട്ടേൽ ആരോപിച്ചു.

യഥാർത്ഥ ബ്രാൻഡഡ് ജീരകം കിലോയ്ക്ക് 250-450 രൂപയ്ക്ക് വിൽക്കുമ്പോൾ, വ്യാജ ഉൽപ്പന്നം കിലോയ്ക്ക് 150-180 രൂപയ്ക്കാണ് വിൽക്കുന്നത്. കാഴ്ച‌യിൽ യഥാർത്ഥ ജീരകത്തെ പോലെയിരിക്കുന്ന ജീരകങ്ങളാണിവ. മാത്രവുമല്ല പഴകിയതും ചീത്തയായതുമായ ജീരകം കെമിക്കൽ ഉപയോഗിച്ച് പുതിയത് പോലെ കാണിച്ച് വിപണിയിൽ വിൽക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. ഇത്തരത്തിലുള്ള വ്യാജ ജീരകങ്ങളും മറ്റ് പദാർത്ഥങ്ങളും ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെയും കരളിന്റെ പ്രവർത്തനത്തെയടക്കം ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Post a Comment

Previous Post Next Post