Trending

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാവിധി മരവിപ്പിച്ച് സെഷൻസ് കോടതി.

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാവിധി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് അപ്പീലിൽ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചത്. അതേസമയം, ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും കേസിൽ കുറ്റക്കാരനെന്ന വിധി നിലനിൽക്കും. നിയമസഭാ അംഗത്വത്തിനുള്ള അയോഗ്യതയും തുടരും. ഈ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്. ഈ ഹർജി ഫെബ്രുവരി 6ന് കോടതി പരിഗണിക്കും.

ലഹരിമരുന്ന് കേസിൽ വിദേശിയായ യുവാവിനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം കാണിച്ചെന്നായിരുന്നു കേസ്. ഇടതുപക്ഷ സർക്കാറിലെ മുൻ ഗതാഗത വകുപ്പ് മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നു വർഷ തടവിനായിരുന്നു ശിക്ഷിച്ചിരുന്നത്. സംസ്ഥാന ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാംപ്രതിയാണ് അദ്ദേഹം. ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലർക്ക് കെ.എസ്. ജോസും മൂന്നുവർഷം തടവ് അനുഭവിക്കണം. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനാൽ ജയിലിലായിരുന്നില്ല.

Post a Comment

Previous Post Next Post