നരിക്കുനി: ‘പാടം’ കാർഷികക്കൂട്ടായ്മ സംഘടിപ്പിച്ച കൊയ്ത്തുത്സവം ഗ്രാമീണ കാർഷിക സംസ്കാരത്തിന്റെ ഉത്സവമായി. നരിക്കുനി ഗ്രാമപ്പഞ്ചായത്ത് 16-ാം വാർഡിലെ പാലങ്ങാട് തയ്യുള്ളതിൽ സെയ്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ വയലിൽ വിളയിച്ച നെല്ല് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി ലൈല വിളവെടുപ്പു നടത്തി ഉദ്ഘാടനം ചെയ്തു. അത്യുത്‌പാദന ശേഷിയുള്ള കരുണ നെല്ലാണ് വിളവെടുത്തത്. കൊയ്തു കഴിഞ്ഞ വയൽ ഫലപുഷ്ടിയുള്ളതാക്കാൻ ഉടൻതന്നെ പയർ കൃഷിചെയ്യും, ജനപ്രതിനിധികളും കർഷകരും നാട്ടുകാരും കൂട്ടായ്മ പ്രവർത്തകരും പാലങ്ങാട് എം.ഇ.എസ് സെൻട്രൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കൃഷിഭവൻ ജീവനക്കാരും നെല്ലുകൊയ്യാൻ ഒരുമിച്ച് പാടത്തിറങ്ങി.
പരമ്പരാഗത കൊയ്ത്തുപാട്ടിൻ്റെ അകമ്പടിയോടെ നടന്ന കൊയ്ത്തിന് പ്രത്യേക ആവേശവും ഉത്സവമാറ്റവും പകർന്നു. കാർഷിക തൊഴിലിൻ്റെ മഹത്വവും കൂട്ടായ്മയുടെ ശക്തിയും ഓർമ്മിപ്പിച്ച ഈ ദൃശ്യങ്ങൾ പങ്കെടുത്തവരിൽ വലിയ ആവേശം സൃഷ്ടിച്ചു. ‘പാടം’ കാർഷികക്കൂട്ടായ്മ ചേന, വാഴ, വിവിധ പച്ചക്കറികൾ എന്നിവ കൃഷിചെയ്തു വരുന്നുണ്ട്. മുൻ വർഷങ്ങളിൽ ചെണ്ടുമല്ലി കൃഷിയും നടത്തി പച്ചമുളക് കൃഷിയും മികച്ചവിളവോടെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും കൃഷിയിലേക്ക് ആകർഷിക്കുക, കാർഷിക ബോധവത്ക്കരണം നടത്തുക, തരിശുഭൂമികൾ കൃഷിയിടങ്ങളാക്കി മാറ്റുക കൂട്ടായ്മ ആകർഷിച്ചു.
കൊയ്ത്തുത്സവത്തിൽ ‘പാടം’ പ്രസിഡൻ്റ് പി.കെ ഹരിദാസൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ബാലാമണി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി.കെ സലിം, സഫീറ ബഷീർ, ഷേർളി പയ്യടി, അപർണ നടുവിലെടത്ത്, ജസീല മജീദ്, ബി.സി അബ്ദുൾ ജലീൽ, അപർണ ഷൈജു, പി.സി റംല, കൃഷി ഓഫീസർ സി.കെ അനുശ്രീ, ജീവനക്കാരായ ഷാജു, ഹരികുമാർ, പാടം സെക്രട്ടറി കെ. മനോജ്കുമാർ, എ.പി അക്ഷയകുമാർ, മുഹമ്മദ് ഈശ്വരമ്പലം, പി. ബാബുരാജ്, എം.ഐ.എസ് സ്കൂൾ പ്രിൻസിപ്പൽ ബീതാകുമാരി എന്നിവർ സംസാരിച്ചു. പി.വി രമേശൻ, ഒ.കെ ജയാനന്ദൻ, ബി.സി റഷീദ്, അബ്ദുൾ ഖാദർ, പി.ബി ദീപക്, കെ.സി കോയ, പി.കെ സത്യൻ, പി.പി ഇല്യാസ്, പി. രവീന്ദ്രൻ, നൗഷാദലി എന്നിവർ നേതൃത്വം നൽകി.
Tags:
LOCAL NEWS