ബാലുശ്ശേരി: ബാലുശ്ശേരിയിൽ മുന്തിരിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് നടപ്പാതയിലെ കമ്പിവേലിയിലിടിച്ചു മറിഞ്ഞ് അപകടം. ബാലുശ്ശേരി ബസ് സ്റ്റാൻഡിനു സമീപം സംസ്ഥാന പാതയിൽ ഇന്നലെ പുലർച്ച അഞ്ചരയോടെയാണ് അപകടം. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു.
വയനാട്ടിൽ നിന്ന് കുറ്റ്യാടി ചുരം വഴി മഞ്ചേരിയിലേക്ക് മുന്തിരി നിറച്ച പെട്ടികളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് നടപ്പാതയിലെ കമ്പിവേലിയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് മറിയുകയായിരുന്നു. ലോറിയിൽ നിന്ന് റോഡിലേക്ക് ചിതറിവീണ മുന്തിരിപ്പെട്ടികളിൽ പകുതിയും നശിച്ചുപോയി.
ഇടിയുടെ ആഘാതത്തിൽ നടപ്പാതയിലെ കമ്പിവേലിയും ഇലക്ട്രിക്ക് പോസ്റ്റും തകർന്നു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. പുലർച്ചയായതിനാൽ കാൽനടയാത്രക്കാരും ഇല്ലായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് കരുതുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ മാർക്കറ്റിൽ ലോഡിറക്കാനെത്തിയ ചുമട്ടുതൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബാലുശ്ശേരി പോലീസും നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.