മടവൂർ: മടവൂരിൽ ഹെറോയിൻ കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ‘ഛോട്ടു ഭായ്’ പിടിയിൽ. മടവൂർ മുട്ടാഞ്ചേരിയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് 'ഛോട്ടു ഭായ്'എന്ന റഖീബുൽ ആലം പിടിയിലായത്. വിപണിയിൽ രണ്ടു ലക്ഷം രൂപ വിലവരുന്ന 50 ഗ്രാം ഹെറോയിൻ ഇയാളിൽ നിന്നും കണ്ടെടുത്തു.
വെസ്റ്റ്ബംഗാളിൽ നിന്നെത്തിക്കുന്ന ഹെറോയിൻ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ചെറുകിട വിൽപ്പനക്കാർക്കാണ് പ്രതി എത്തിച്ചു നൽകുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ശൃംഖലയെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മുട്ടാഞ്ചേരിയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു പ്രതി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌കോഡിലെ സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത്.എ, എക്സൈസ് ഇൻസ്പെക്ടർ ശരത്.എസ്, അസി. ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷാജു സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജംഷീർ, അശ്വത് ശ്രീജി, പ്രബീഷ് എൻ.പി ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.