Trending

കാസര്‍കോട് കുടുംബവഴക്കിനിടെ പിതാവിൻ്റെ വെട്ടേറ്റു പതിനെട്ടുകാരി കൊല്ലപ്പെട്ടു.


കാസര്‍കോട്: കുടുംബവഴക്കിനിടെ പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടു. കാസർകോട് മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. പ്ലസ്ടു കഴിഞ്ഞ ജുമൈല ഉപ്പളയിൽ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയാണ്. പിതാവ് ഉമര്‍ ഫറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ഉമർ ഫാറൂഖും കുടുംബവും ഭാര്യാ സഹോദരിയുടെ വീട്ടിലാണ് താമസം. ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമർ ആയുധം ഉപയോഗിച്ച് ഭാര്യാ സഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു. കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ മംഗളൂരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഭാര്യാ സഹോദരിയുടെ ഭർത്താവായ ഷേക്കുഞ്ഞിക്കും പരിക്കേറ്റിട്ടുണ്ട്. 

ഗൾഫിലായിരുന്ന ഉമര്‍ഫറൂഖ് ഒന്നര മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഉമർ ഫാറൂഖിൻ്റെയും താഹിറയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും സമീപവാസികള്‍ പറഞ്ഞു. ജുമൈലയുടെ മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post