കാസര്‍കോട്: കാസർകോട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റിരുന്നയാളും മരിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവായ ഷേക്ക് കുഞ്ഞി (55) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പിതാവ് ഉമർ ഫറൂഖിൻ്റെ വെട്ടേറ്റ് മകൾ ജുമൈല (18) കൊല്ലപ്പെട്ടത്. മഞ്ചേശ്വരം തുമിനാട് ഭാര്യ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷേക്ക് കുഞ്ഞി. തര്‍ക്കത്തിനിടെ ഷേക്ക് കുഞ്ഞിയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് കുഞ്ഞിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമെ ഭാര്യ താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്.