Trending

മലപ്പുറത്ത് ഉള്ളി കയറ്റിവന്ന ലോറിയിൽ നിന്നും സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി.

മലപ്പുറം: ഉള്ളികൊണ്ടുവന്ന ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പോലീസ് പിടികൂടി. മലപ്പുറം ചെമ്മാടാണ് സംഭവം. ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ വയർ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറി ഡ്രെെവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മലപ്പുറം ചെമ്മാടുള്ള ഹോളോബ്രിക്സ് കടയ്ക്ക് ഉള്ളിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

ഇന്നലെ രാത്രി ഉള്ളി കയറ്റിക്കൊണ്ടു പോവാൻ ചെറിയ ലോറിയെത്തി. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസും സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. 'KL 10 BF 8395' എന്ന നമ്പറിലുള്ള ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ 130 ഉള്ളിച്ചാക്ക് ഉണ്ടായിരുന്നു അതിന്റെ അടിയിൽ വെച്ചാണ് സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്നത്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം,​ രണ്ടുദിവസം മുൻപ് പാലക്കാട് ദേശീയ പാതയിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്‌ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ സൗത്ത് പോലീസാണ് തൃശൂരിലേക്ക് പോയ വാഹനം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടികൾ സൂക്ഷിച്ചിരുന്നത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. വാഹനത്തിൽ നൂറിലധികം പെട്ടികളുണ്ടായിരുന്നു. തമിഴ്‌നാട് ധാരാപുരം തുപ്പൂരിൽ നിന്ന് കൊണ്ടുവന്ന തണ്ണിമത്തൻ ചാക്കുകൾക്കിടയിലാണ് അനധികൃത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.

Post a Comment

Previous Post Next Post