Trending

നാലര വയസ്സുകാരിയുടെ ചികിത്സ മുടങ്ങില്ല; സുമനസ്സുകളുടെ കൂട്ടായ്മയിൽ ആവശ്യമായ 25 ലക്ഷം രൂപ കണ്ടെത്തി.


നന്മണ്ട: സുമനസ്സുകളുടെ കൂട്ടായ്മയിൽ നാലര വയസ്സുകാരിക്ക് ചികിത്സ സഹായം. നന്മണ്ട കൂളിപ്പൊയിൽ ഒറുവിൽ രഞ്ജിമയുടെയും പ്രബീഷിൻ്റെയും മകളായ നാലരവയസ്സുകാരി അലംകൃത പി.രഞ്ജന്റെ ചികിത്സയ്ക്കാണ് നാട്ടുകാർ ഒരുമിച്ചത്. ചികിത്സയ്ക്ക് ആവിശ്യമായ 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്തു. ആയിരത്തോളം പേർ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് ഫണ്ട് സമാഹരണം നടത്തിയത്. ഭൂരിഭാഗവും ഗൂഗിൾ പേ, ഓൺലൈൻ ട്രാൻസാക്ഷൻ എന്നിവയിലൂടെയാണ് തുക ലഭിച്ചത്.

വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 7 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞിരുന്നു. രക്താർബുദം ബാധിച്ച് എംവിആർ കാൻസർ സെൻ്ററിൽ ചികിത്സയിലാണ് ഈ കുരുന്ന്. മൂന്നു വർഷം തുടർചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 25 ലക്ഷം രൂപയായിരുന്നു ചികിത്സയ്ക്ക് വേണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് അത് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. തുടർന്ന് നാട്ടുകാർ ചികിത്സാകമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. 

ചികിത്സ കമ്മിറ്റി രൂപീകരിച്ച അന്നുമുതൽ ഇക്കഴിഞ്ഞ ദിവസം വരെ സുമനസ്സുകൾ അകമഴിഞ്ഞ സാമ്പത്തിക സഹായം നൽകി ഒപ്പം ചേരുകയായിരുന്നു. ഇതിൻ്റെ ഫലമായാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചികിത്സയ്ക്കാവശ്യമായ തുക സമാഹരിക്കാൻ കഴിഞ്ഞത്. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ആളുകൾ ചെറുതും വലുതുമായ തുക ഈ കുരുന്നിന്റെ ചികിത്സാ സഹായത്തിനായി നീക്കി വെക്കുകയായിരുന്നു.

നന്മണ്ട 13ാം വാർഡ് അംഗം ഷൈമ മനോജ് ചെയർപേഴ്സണും, ടി. ജലീൽ തേയികണ്ടി കൺവീനറും കെ.പി ബാലൻ ട്രഷററുമായ ചികിത്സാ സഹായകമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കുരുന്നിന്റെ ചികിത്സാസഹായത്തിന് ഒപ്പം നിന്ന മുഴുവനാളുകൾക്കും ചികിത്സാസഹായ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിച്ചതിനാൽ തുടർന്ന് അക്കൗണ്ടിലേക്ക് പണം അയക്കേണ്ടതില്ലെന്നും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post