Trending

ട്വൻ്റി-20 ലോകകപ്പ്: ആദ്യ മത്സരത്തിൽ യുഎസിനെതിരെ ഇന്ത്യയ്ക്ക് ജയം.


മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. യുഎസിനെ 29 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 162 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ് 132/8ൽ അവസാനിച്ചു.

ബാറ്റിങ്ങിൽ വിറച്ചെങ്കിലും ബൗളിങ്ങിൽ പിടിച്ചുനിന്നതാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റും അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. വരുൺ ചക്രവർത്തി ഒരു വിക്കറ്റും വീഴ്ത്തി. യുഎസ് ബാറ്റർമാർക്കും തുടക്കം പിഴച്ചു. മൂന്ന് ഓവറിൽ മൂന്നുപേരെയാണ് നഷ്ടമായത്. മിലിന്ദ് കുമാർ-സഞ്ജയ് കൃഷ്ണമൂർത്തി കൂട്ട്കെട്ട് സ്‌കോർ ഉയർത്തിയെങ്കിലും പന്ത്രണ്ടാം ഓവറിൽ മിലിന്ദിനെയും പിന്നാലെ സഞ്ജയ്യേയും മടക്കി ഇന്ത്യ കളി തിരിച്ചുപിടിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. ഇന്ത്യയെ യുഎസ് ബൗളർമാർ കാര്യമായി പരീക്ഷിച്ചു. വിക്കറ്റുകൾ വീഴുന്നതിനിടയിലും പിടിച്ചു നിന്ന നായകൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പിടിച്ചുനിർത്തിയത്. 84 റൺസോടെ പുറത്താകാതെ നിന്ന യാദവ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.

Post a Comment

Previous Post Next Post