പേരാമ്പ്ര: പേരാമ്പ്ര കടിയങ്ങാട് സിപിഐഎം പ്രവർത്തകനു വെട്ടേറ്റു. മുതുവണ്ണാച്ചയിൽ കുനീമ്മൽ ദിനേശൻ (50) ആണ് വെട്ടേറ്റത്. ഇന്ന് രാത്രി 7.30 ഓടുകൂടിയായിരുന്നു സംഭവം. മുതുവണ്ണാച്ചയിൽ- പാറക്കെട്ട് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ദിനേശനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബിജെപി പ്രവർത്തകരാണ് അക്രമണത്തിൽ പിന്നിലെന്ന് സിപിഎം ആരോപിച്ചു. മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും കരുതുന്നു. തലയ്ക്കും കഴുത്തിനും കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ദിനേശനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.