Trending

കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ; കൂടെയുള്ളയാളെ പുഴയോരത്ത് ജീവനൊടുക്കിയ നിലയിലും കണ്ടെത്തി.


കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ആളെ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ലോഡ്ജിലെ 602-ാം നമ്പർ മുറിയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണപുരം അയോത്ത് കെ.വി.സീമയാണ് (50) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറുകുന്ന് കടേൽപറമ്പിൽ കെ.പി വിജയൻ (50) എന്നയാൾക്കൊപ്പമാണ് സ്ത്രീ മുറിയെടുത്തത്. വിജയന്റെ അയൽവാസിയാണ് സീമ. സീമയുടെ ഭർത്താവ് രണ്ടുവർഷം മുൻപാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ ഇരുവരും ഒരുമിച്ചാണ് ലോഡ്ജിൽ മുറിയെടുത്തത്. വൈകീട്ട് ആറോടെ മുറി പുറത്തുനിന്ന് പൂട്ടി വിജയൻ പുറത്തുപോയി. ഏറെനേരം കഴിഞ്ഞിട്ടും വിജയൻ മടങ്ങിയെത്താതായതോടെ ലോഡ്ജ് ജീവനക്കാർക്ക് സംശയമായി. വിജയൻ നൽകിയ ഫോൺ നമ്പരിൽ വിളിച്ചപ്പോൾ ഇത് സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സീമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിജയനെ പിന്നീട് മാട്ടൂൽ ജസിന്ത കടവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ലോഡ്ജിൽ നിന്ന് പോയ വിജയൻ, മാട്ടൂലിലെത്തി ജീവനൊടുക്കിയതാണെന്നാണ് പോലീസ് കരുതുന്നത്. ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. സ്ത്രീയുടെ കഴുത്തിലടക്കം പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post