തിരുവനന്തപുരം: ഡോക്ടർമാരുടെ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. സമരം ചെയ്യുന്നവരുടെ പട്ടിക ഇന്ന് തന്നെ കൈമാറണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സമരം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടി. അനിശ്ചിതകാല ഒ പി ബഹിഷ്കരണം കൂടാതെ ശസ്ത്രക്രിയ നിർത്തിവച്ചുള്ള സമരവും ഇന്ന് തുടങ്ങി. ഇതോടെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മാറ്റിവെച്ചു.
അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ ഒഴിവാക്കിയാണ് സമരം. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ന് കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു.
സർക്കാർ നടപടി കടുപ്പിക്കുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന കടുത്ത നിലപാടിലാണ് സംഘടന. ഒപി ബഹിഷ്കരണ സമരം ഇന്ന് നാലാം ദിനമാണ്. അതേസമയം സീനിയർ ഡോക്ടർമാർക്ക് പിന്തുണ നൽകി പി.ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു. ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ പി.ജി ഡോക്ടർമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് തീരുമാനം.