ആലപ്പുഴ: വയറ്റിൽ കത്രികയുമായി വീട്ടമ്മ കഴിഞ്ഞത് അഞ്ചുവർഷം. ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. അഞ്ചുവർഷം മുമ്പ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്കു ശേഷം വയറ്റിൽ ഉഷയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എംആർഐ സ്‌കാനിലൂടെ വയറ്റിൽ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കാമെന്നാണ് വണ്ടാനം മെഡിക്കൽ കോളേജിലെ അധികൃതർ അറിയിച്ചിട്ടുള്ളത്.
2021 മേയ് മാസത്തിൽ കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് പുന്നപ്ര പഞ്ചായത്തംഗം പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയാണ് ഉഷ. വയറുവേദന പതിവാകുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തതോടെ ഇവർ പല ഡോക്ടർമാരെയും കണ്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലെ തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം എംആർഐ സ്‌കാനും എക്സ്റേയും എടുത്തപ്പോഴാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകാനും അവിടെ രണ്ട് ഡോക്ടർമാർ കാത്തുനിൽപ്പുണ്ടാകുമെന്നും ഡോക്ടർ ഉഷയോട് പറഞ്ഞു. അവരെ കണ്ട് കാര്യം പറയാനും നിർദ്ദേശിച്ചു. അങ്ങനെ ആശുപത്രിയിലെത്തിയ ഉഷയോട് തിങ്കളാഴ്ച ചെറിയ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം എക്സ്റേയും സ്‌കാനും ചെയ്യാൻ നിർദ്ദേശിച്ച ഡോക്ടർ, വിഷയം പുറത്തുപറയരുതെന്നും ഉഷയോട് നിർദ്ദേശിച്ചതായും"പഞ്ചായത്തംഗം കൂട്ടിച്ചേർത്തു.
വേദന തുടങ്ങുമ്പോൾ അടുത്ത ആശുപത്രികളിൽ പോയി മരുന്നോ ഇൻജക്ഷനോ എടുക്കുകയായിരുന്നു പതിവ്. അത് കഴിച്ചു കഴിഞ്ഞ് കുറച്ചുദിവസത്തേക്ക് വേദന മാറും. കുറച്ചുദിവസം കഴിഞ്ഞ് ജോലികളൊക്കെ ചെയ്തു തുടങ്ങുമ്പോൾ വീണ്ടും വേദനയുണ്ടാകും. വയറ്റിൽ മൂന്നര കിലോയോളമുള്ള മുഴ കണ്ടെത്തിയതിനെ തുടർന്നായിരുന്നു 2021-ൽ ഉഷയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. തുടർന്ന് നടുവേദന, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട്, മൂത്രം അറിയാതെ പോകുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉഷ അനുഭവിച്ചിരുന്നു. മൂത്രത്തിനൊപ്പം രക്തവും വരുന്ന അവസ്ഥയുണ്ടായിരുന്നുവെന്ന് ഉഷ പറഞ്ഞു. ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകി നിയമനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഉഷയുടെ കുടുംബം.