തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അതാത് ബോർഡുകൾ വഴിയാണ് വിതരണം ചെയ്യുക.
ദേശീയ പെൻഷൻ പദ്ധതിയിൽ 8.46 ലക്ഷം പേർക്ക് നൽകേണ്ട കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര വിഹിതമായ 24.21 കോടി സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. എന്നാൽ, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.