ചെന്നൈ: സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1955 മാർച്ച് 5-ന് തമിഴ്നാട്ടില്‍ ജനനം. വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു. അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്നു വയസ്സു മുതല്‍ക്കുതന്നെ വെങ്കിടേഷ് മാന്റലില്‍ വായിക്കാൻ തുടങ്ങി. തുടർന്ന് ഗിറ്റാറും ബാഞ്ചോയും പഠിച്ചെടുത്തു. രവീന്ദ്രൻ, എ.റ്റി ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968-മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷ് ഉണ്ടായിരുന്നു. ഓര്‍ക്കസ്ട്രേഷനിലുള്ള അപാരമായ മികവ് അങ്ങനെ നേടിയെടുത്തതാണ്. സംഗീതരാജൻ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
1980-90 കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങൾക്ക് ഈണം നൽകി തിളങ്ങി നിന്നിരുന്നു എസ്.പി വെങ്കിടേഷ്. 150ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. മോഹൻലാലിന്‍റെ ഹിറ്റ് ചിത്രമായ രാജാവിന്‍റെ മകനിലൂടെയാണ് എസ് പി വെങ്കിടേഷ് മലയാളത്തിലെത്തുന്നത്. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹമാണ് സംഗീതം നൽകിത്. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. മലയാളത്തിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പാട്ടുകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
1968 മുതൽ വിവിധ ഭാഷകളിലെ സിനിമകളിലെ ഓര്‍ക്കസ്ട്രയിൽ അദ്ദേഹം ഭാഗമായിരുന്നു. പിന്നീട് 71ൽ സംഗീത സംവിധായകൻ വിജയ ഭാസ്കറിനൊപ്പമാണ് സിനിമയിലേക്ക് എത്തുന്നത്. 80കളുടെ തുടക്കത്തിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എസ്.പി വെങ്കിടേഷ് മാറുന്നത്. 83ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. തമ്പി കണ്ണന്താനത്തിന്‍റെ രാജാവിന്‍റെ മകൻ എന്ന സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഇദ്ദേഹത്തിന്‍റേതായിരുന്നു. രാഘവൻ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 90കളിലെ അദ്ദേഹത്തിന്‍റെ പാട്ടുകളിൽ സൂപ്പര്‍ഹിറ്റല്ലാത്തവ വളരെ കുറവാണെന്ന് കാണാം. ശാന്തമീ രാത്രിയിൽ... പോലുള്ള ഗാനങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലുണ്ട്.