തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം. മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. 1953-ൽ ആലപ്പുഴ മാവേലിക്കരയിലെ ചെറുകോലിൽ കെ.പി മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനായാണ് ജനനം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കര മണ്ഡലത്തെ മുരളി പ്രതിനിധീകരിച്ചു.
1972 -77 വർഷങ്ങളിൽ കെഎസ്‌യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ് മുരളിയായിരുന്നു . 1978 ൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1979ൽ ജനറൽ സെക്രട്ടറിയും 1980ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റും ആയി. 1991ൽ മാവേലിക്കര സീറ്റിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെയാണ് മുരളി പരാജയപ്പെടുത്തിയത്. 2011വരെ മാവേലിക്കര എംഎൽഎ ആയിരുന്നു. 2011ൽ കായംകുളം സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു.