Trending

ബാലുശ്ശേരി പൊന്നരം തെരു ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാന്‍ കോടതി ഉത്തരവ്.


ബാലുശ്ശേരി: ബാലുശ്ശേരി പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് ആനയെ എഴുന്നള്ളിക്കാന്‍ കോടതി അനുമതി. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ ആഘോഷ പരിപാടികള്‍ക്കാണ് ഒരാനയെ എഴുന്നള്ളിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയത്. 

ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് കെ.ഉല്ലാസ് കുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ക്ഷേത്രത്തില്‍ ആന എഴുന്നള്ളിപ്പിനായി 2012ലെ നാട്ടാന പരിപാല ചട്ടപ്രകാരം ക്ഷേത്രകമ്മിറ്റി 2022 മെയ് 13ന് നല്‍കിയ അപേക്ഷ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുമ്പാകെ പരാതി സമര്‍പ്പിച്ചത്. ക്ഷേത്രത്തില്‍ കാലങ്ങളായി നടന്നുവരുന്ന തിരു ഉടയാട എഴുന്നള്ളിപ്പിന് പാരമ്പര്യമായി ആനയെ ഉപയോഗിച്ചു വരുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. 

ക്ഷേത്ര കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയില്‍ രണ്ടു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശിവരാത്രി ആഘോഷത്തിന് ആനയെ എഴുന്നള്ളിച്ചതിന് ഗജേന്ദ്രന്‍ എന്ന ആനയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് 15 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post