Trending

ഇന്ന് മഴ പെയ്യുമോ? കടുത്ത ചൂടിൽ വിയർത്ത് കേരളം; നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി.


തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ സാധാരണ അനുഭവപ്പെടുന്ന ചൂടാണ് ഈ വർഷം ഫെബ്രുവരി മാസം തന്നെ മലയാളികൾ അനുഭവിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ 37 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂടായിരുന്നു അത്. എന്തായാലും ഇന്ന് ചില ചില്ലകളിൽ ചൂട് കുറയാനാണ് സാധ്യത. കാരണം മൂന്ന് ജില്ലകളിൽ നേരിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും. വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

കോഴിക്കോടിനും ആലപ്പുഴക്കും ഇടയിലുള്ള ജില്ലകളിൽ കടുത്ത ചൂടായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ താപനില 36°c കടക്കുമെന്നും വയനാട് ജില്ലയിൽ എല്ലായിടത്തും മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുമെന്നും പ്രവചനമുണ്ട്. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എൽ നിനോ' പ്രതിഭാസമാണ് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് കാരണം.

ചൂട് കാലത്ത് ശരീരാരോഗ്യം സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. ദിവസവും മതിയായ വെള്ളം കുടിക്കുക പ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കനത്ത ചൂടുള്ള സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കുകയും ലഘുവായ ഭക്ഷണം കഴിക്കുകയും, വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനും നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശ്ശനമായി പാലിക്കണം.

Post a Comment

Previous Post Next Post