പാലക്കാട്: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം തട്ടിയെടുത്ത കേസില്‍ മുന്‍ അഗ്രികൾച്ചറൽ ഓഫീസര്‍ പിടിയില്‍. അഗളിയിലെ മുന്‍ കൃഷി ഓഫീസര്‍ വെങ്കിടേശ്വര ബാബുവാണ് വിജിലന്‍സിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന വെങ്കിടേശ്വര ബാബുവിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.
2006 കാലഘട്ടത്തിൽ പാലക്കാട് അഗളി കൃഷി ഭവനിൽ കൃഷി ഓഫീസറായിരുന്ന വെങ്കിടേശ്വര ബാബു കർഷകർക്ക് പ്രകൃതി ദുരന്തം കാരണം ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരമായി അനുവദിക്കേണ്ട തുക കർഷകരുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു.
കേസിൽ വെങ്കിടേശ്വര ബാബു കുറ്റകാരനെന്ന് കണ്ടെത്തി 2016ൽ തൃശൂർ വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി അപ്പീൽ നിരസിച്ച് ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്നു വെങ്കിടേശ്വര ബാബുവിനെ ബംഗളൂരുവിൽ നിന്നുമാണ് പാലക്കാട് വിജിലൻസ് യൂണിറ്റ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.