ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റിലെ കൈതച്ചാൽ ഭാഗത്തുണ്ടായ തീപിടുത്തത്തിൽ അമ്പത് ഏക്കറോളം കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് മങ്കയം റോഡിൽ കൈതച്ചാൽ പാടിക്ക് പിന്നിലായുള്ള അടിക്കാടിന് തീപിടിച്ചത്. തീ പടർന്ന് പാടിക്ക് പിറകിലെ മല കത്തി നശിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നരിക്കുനിയിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയെങ്കിലും താഴെ ഭാഗം തീ അണച്ചതല്ലാതെ മുകളിലേക്ക് പടർന്ന തീ അണയ്ക്കാൻ കഴിഞ്ഞില്ല. നാലു മണിക്കൂറോളം ശ്രമിച്ചിട്ടും തീ അണയ്ക്കാൻ കഴിഞ്ഞില്ല. മുകളിലേക്ക് വാഹനത്തിന് എത്താൻ പ്രയാസമായതിനാലും അഗ്നിരക്ഷാ സേന സംഘം തിരിച്ചുപോവുകയായിരുന്നു.
ഇവിടെ മുപ്പത് ഏക്കറോളം കത്തിനശിച്ചിട്ടുണ്ട്. മലയിൽ നിന്ന് തീ പടർന്ന് തൊട്ടടുത്തുള്ള കൈതച്ചാൽ വളവിലെ റബർ തോട്ടത്തിലേക്കും തീ പടർന്നതോടെ നാട്ടുകാർ ഇടപെട്ട് റബർ തോട്ടത്തിലേക്ക് തീ പടരുന്നത് തടയുകയായിരുന്നു. രാത്രിയായതോടെ തീ വീണ്ടും കൈതച്ചാൽ കിഴക്കുഭാഗത്തെ മലയിലേക്കും പടർന്നു. ഇവിടെയും ഇരുപത് ഏക്കറോളം സ്ഥലം കത്തിനശിച്ചിട്ടുണ്ട്. സന്ധ്യയോടെ കുന്നിൻ മുകളിലേക്ക് പടർന്ന തീ രാത്രി എട്ടു മണിയോടെ ഏതാണ്ട് അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാർ ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാൻ ഇന്ന് നേരം വെളുക്കുവോളം കാവൽ നിൽക്കുകയായിരുന്നു.
എല്ലാ വർഷവും മങ്കയം, കൈതച്ചാൽ ഭാഗങ്ങളിൽ അടിക്കാടുകളിൽ വൻ തീപിടുത്തം ഉണ്ടാകാറുണ്ട്. സാമൂഹ്യദ്രോഹികൾ കരുതിക്കൂട്ടി അടിക്കാടിന് തീയിടുന്നതാണെന്ന് ആക്ഷേപമുണ്ട്. തീപ്പിടുത്തം കാരണം ഒട്ടേറെ ചെറുജീവികളും പക്ഷികളും ഇഴജന്തുക്കളും തീയിൽ വെന്തെരിഞ്ഞ് നശിക്കുന്നുണ്ട്.