പേരാമ്പ്ര: പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് സ്വർണം കവരാൻ ശ്രമമെന്ന് പരാതി. പേരാമ്പ്ര മാര്യത്ത് അബ്ദുൽ ഷുക്കൂറിൻ്റെ ഭാര്യ റമീസക്കും രണ്ട് വയസ്സുകാരി മകൾക്കും നേരെയാണ് മുളകുപൊടി എറിഞ്ഞത്. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇന്നലെ രാത്രി 10.30 ഓടെ അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് റമീസക്കും രണ്ടു വയസ്സുകാരി മകൾക്കും നേരെ മുളകുപൊടി എറിഞ്ഞത്. കണ്ണിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും നിലവിളിച്ചതോടെ മുളകുപൊടി എറിഞ്ഞയാൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ റമീസയും രണ്ട് വയസ്സുകാരി മകളും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടതോടെ തൊട്ടടുത്ത് കച്ചവടം നടത്തിയിരുന്ന റമീസയുടെ ഭർത്താവ് ഷുക്കൂറും നാട്ടുകാരും ഓടിയെത്തിയിരുന്നു. റമീസയുടെയും മകളുടെയും സ്വർണാഭരണങ്ങൾ കവരാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സ്വർണ വില ഉയർന്നതിന് പിന്നാലെ കവർച്ചാ ശ്രമങ്ങൾ കൂടിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൊലീസ് പട്രോളിങ് കാര്യക്ഷമമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം രാത്രികാലങ്ങളിൽ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് കവർച്ചക്കാർക്ക് അവസരമൊരുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.