Trending

കപ്പടിച്ച് കൗമാരപ്പട; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇഗ്ലണ്ടിനെ തകർത്ത് ഇന്ത്യക്ക് ആറാം കിരീടം.


ഹരാരെ: അണ്ടർ 19 ലോകകപ്പ് കലാശപ്പോരിൽ ശക്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി ഇന്ത്യൻ കൗമാരപ്പട. സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ഫൈനലിൽ 100 റൺസിനാണ് ഇന്ത്യയുടെ മിന്നും ജയം. ജയിക്കാൻ ഇംഗ്ലണ്ടിന് 412 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ 41ാം ഓവറിൽ 311 റൺസിന് ഇംഗ്ലണ്ട് ഓൾ ഔട്ടാവുകയായിരുന്നു. 

സെഞ്ചുറിയുമായി കാലേബ് ഫാൽകോണർ (115) ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും ജയിക്കാനായില്ല. ഓപ്പണർ ബെൻ ഡൗക്കിൻസും (66) ബെൻ മയെസും (45) നല്ല തുടക്കം നൽകിയെങ്കിലും ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ അത് മാത്രം പോരായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആർഎസ് അംബരീഷ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സഹതാരങ്ങളായ ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറുകളിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടിയിരുന്നു. 80 പന്തിൽ 15 ഫോറും 15 സിക്‌സറും അടക്കം 175 റൺസ് നേടിയ വൈഭവ് സൂര്യവംശി ആയിരുന്നു ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നായകൻ ആയുഷ് മാത്രെയും (53) അഭിഗ്യാൻ കുണ്ടുവും (40) മധ്യനിരയിൽ തിളങ്ങി. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഇത് ഇന്ത്യയുടെ ആറാം അണ്ടർ 19 ലോകകപ്പ് കിരീടമാണ്. ക്രിക്കറ്റിലെ പുതിയ താരോദയം ആയ വൈഭവ് സൂര്യവംശിയാണ് കളിയിലെയും പാരമ്പരയിലെയും താരം.

Post a Comment

Previous Post Next Post