Trending

കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് അഞ്ചംഗ സംഘം തട്ടിയെടുത്തു; ഒരാൾ പിടിയിൽ.


കണ്ണൂർ: കണ്ണൂർ പേരാവൂരിൽ ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാനെത്തിയവർ തട്ടിയെടുത്തത്. സംഘത്തിൽപ്പെട്ട ഒരാളെ പേരാവൂർ പോലീസ് പിടികൂടി. 

ഡിസംബര്‍ 30ന് അടിച്ച സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി വരുന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് ഇയാള്‍ മറിച്ചുവില്‍ക്കാൻ ശ്രമിച്ചത്. ലോട്ടറി കരിഞ്ചന്തയിൽ വിറ്റ് മുഴുവൻ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. 15 ദിവസത്തോളം ഇയാള്‍ ഒരു സംഘത്തെ സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് ഒരു സംഘം ആളുകള്‍ ലോട്ടറി വാങ്ങാമെന്ന് ഏല്‍ക്കുന്നത്. ഇന്നലെ രാത്രി സാദിഖ് ലോട്ടറിയും ഒപ്പമൊരു സുഹൃത്തുമായി സംഘത്തെ പേരാവൂരിൽ വെച്ച് കണ്ടുമുട്ടി സംസാരിച്ചു. സംസാരത്തിനിടെയാണ് സംഘം ലോട്ടറി ടിക്കറ്റും സാദിഖിന്‍റെ സുഹൃത്തിനെയും ഒരു വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയത്.

ടിക്കറ്റ് സുഹൃത്തിന്‍റെ പക്കൽ നിന്നും പിടിച്ചുവാങ്ങിയതിന് ശേഷം വഴിയിൽ തള്ളിയിട്ടു. തുടര്‍ന്ന് സംഘം കടന്നു കളഞ്ഞു. സാദിഖ് നേരത്തെ തന്നെ സംഘവുമായി ബന്ധപ്പെട്ടിരുന്നതിനാൽ പൊലീസിന് വളരെ വേഗത്തെ ഇവരെ കണ്ടെത്താൻ സാധിച്ചു. സംഘത്തിൽ പെട്ട ചക്കാട് സ്വദേശി ഷുഹൈബിനെയാണ് പേരാവൂര്‍ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ മുൻപും കള്ളപ്പണക്കേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചു പേരടങ്ങുന്ന സംഘമാണ് പേരാവൂരിൽ ലോട്ടറി പൊട്ടിക്കലുമായി ബന്ധപ്പെട്ട് പേരാവൂരിൽ എത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post