പേരാമ്പ്ര: പേരാമ്പ്ര ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി ഇരുളം സ്വദേശി ചലഞ്ച് (22) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിന് സമീപമായിരുന്നു അപകടം നടന്നത്. സുഹൃത്തിനൊപ്പമാണ് ചലഞ്ച് ഇവിടെയെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പൂഴ്ന്നു പോവുകയായിരുന്നു. സുഹൃത്തിന്റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നുള്ള പോലീസും സ്റ്റേഷൻ ഓഫീസർ സി.കെ ഭരതൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി.
യുവാവിനെ കരയ്ക്കെത്തിച്ച് ഫയർഫോഴ്സിന്റെ ആംബുലൻസിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.