തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട അഡ്വ. ആന്റണി രാജു എംഎൽഎയെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി. നെടുമങ്ങാട് കോടതി മൂന്ന് വർഷത്തേക്ക് തടവുശിക്ഷ വിധിച്ചതാണ് മുൻമന്ത്രി കൂടിയായ ആന്‍റണി രാജുവിന് വലിയ തിരിച്ചടിയായത്. രണ്ടു വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്.
കോടതി വിധി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകും. കേരളത്തിൽ ഇത്തരത്തിൽ അയോഗ്യത നേരിടുന്ന ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്‍റണി രാജു. വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ആന്‍റണി രാജുവിന് കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്‍റണി രാജു.