താമരശ്ശേരി: താമരശ്ശേരിയില്‍ അമിത വേഗതയിലെത്തിയ മിനിലോറിയിടിച്ച് ഹോം ഗാര്‍ഡിന് പരിക്ക്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി.ജെ ഷാജിക്കാണ് ഗുരുതരമായി പരിക്കേറ്റത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെയായിരുന്നു അപകടം.
സംസ്ഥാന പാതയിൽ താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം വെച്ചായിരുന്നു അപകടം. തലയ്ക്ക് സഹിതം ഗുരുതര പരിക്കേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് സീബ്രാലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ഷാജിയെ മിനി ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. മിനി ലോറി അമിത വേഗത്തിലായിരുന്നുവെന്നും കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. KL 65D 4303 നിസാൻ മിനി ലോറിയും ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എൻ.പി സുജിത്ത് (37) നെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.