കോഴിക്കോട്: സ്വകാര്യ ബസ്സിൽ വെച്ച് സ്ത്രീയോട് അപമര്യാതയായി പെരുമാറിയെന്ന് ആരോപിച്ചുള്ള ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ബസ്സിൽ വെച്ച് ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവാവെന്നും ദീപകിൻ്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്‌ച കണ്ണൂരിലേക്കുള്ള യാത്രയിൽ തിരക്കുള്ള ബസ്സിൽ വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്‌പർശിച്ചെന്നാണ് വടകര പോലീസിൽ യുവതി നൽകിയ പരാതിയിൽ പറയുന്നത്. ബസ്സിൽ നിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.