മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) വിമാനാപകടത്തില്‍ മരിച്ചു. മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. വിമാനാപകടത്തില്‍ അജിത് പവാറിന്‍റെ പിഎയും സുരക്ഷാ ഉദ്യോഗസ്ഥരും പൈലറ്റും കൊല്ലപ്പെട്ടു. രാവിലെ എട്ടോടെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8.45 ഓടെ ബാരാമതിയിലെത്തി. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കത്തിയമരുകയായിരുന്നു. എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുപ്രധാനമായ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാനായി ബാരാമതിയിലേക്ക് എത്തിയതായിരുന്നു അജിത് പവാര്‍. വിഎസ്ആര്‍ കമ്പനിയുടെ കീഴിലുള്ള ലീര്‍ ജെറ്റ് 45 ആണ് തകര്‍ന്നത്. 2023 സെപ്റ്റംബറില്‍ മുംബൈയില്‍ അപകടത്തില്‍പ്പെട്ടതും ലീര്‍ ജെറ്റ് വിമാനമായിരുന്നു. എന്‍സിപി സ്ഥാപകന്‍ ശരത് പവാറിന്‍റെ അനന്തരവനാണ് അജിത്.
2023ലാണ് എന്‍സിപിയിലെ ഒരു വിഭാഗത്തെയും കൂട്ടി അജിത് പാര്‍ട്ടി വിട്ടത്. അജിത് പിന്നീട് എന്‍ഡിഎയില്‍ ചേരുകയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആകുകയുമായിരുന്നു. നിലവില്‍ ശരത് പവാര്‍ പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. എട്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജിത് പവാര്‍ ഒരിക്കല്‍ ലോക്സഭയിലേക്കും ജയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയുമായിരുന്നു.
വിമാനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. അപകടത്തിന്‍റെ വിവരങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് തേടിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായും ദേവേന്ദ്ര ഫട്നാവിസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേരള നിയമസഭ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.