നരിക്കുനി: നരിക്കുനി, പടനിലം, സി.എം മഖാം നിവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരം. കോഴിക്കോട് - സിവിൽ സ്റ്റേഷൻ- കുന്ദമംഗലം- പടനിലം- സി.എം മഖാം- നരിക്കുനി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഡോ. എം.കെ മുനീർ എംഎൽഎ അറിയിച്ചു. കഴിഞ്ഞ ആറ് വർഷമായി ഈ റൂട്ടിൽ മുടങ്ങിക്കിടന്ന സർവീസാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലിനെ തുടർന്ന് വീണ്ടും ട്രാക്കിലാകുന്നത്.
ഫെബ്രുവരി 2 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. താമരശ്ശേരി ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.
• രാവിലെ: താമരശ്ശേരിയിൽ നിന്ന് പുറപ്പെട്ട് പൂനൂർ, എളേറ്റിൽ വട്ടോളി വഴി 8:50-ന് നരിക്കുനിയിൽ എത്തും.
• നരിക്കുനിയിൽ നിന്ന് പുറപ്പെട്ട് പടനിലം, സി.എം മഖാം, കുന്ദമംഗലം, സിവിൽ സ്റ്റേഷൻ വഴി 9:50-ന് കോഴിക്കോട് എത്തും.
• വൈകുന്നേരം: 5:10-ന് കോഴിക്കോട് നിന്ന് തിരിച്ച് സിവിൽ സ്റ്റേഷൻ, കുന്ദമംഗലം, സി.എം മഖാം, നരിക്കുനി വഴി താമരശ്ശേരിയിൽ സർവീസ് അവസാനിക്കും.
തുടക്കത്തിൽ ഒരു ട്രിപ്പ് മാത്രമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും, യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് വരും ദിവസങ്ങളിൽ ഈ റൂട്ടിൽ മുഴുവൻ സമയ സർവീസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.