കോഴിക്കോട്: സ്വർണമാണെന്ന് കരുതി ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാദ് മുഹമ്മദാണ് (28) അറസ്റ്റിലായത്. ജനുവരി 29ന് കോയമ്പത്തൂർ-മംഗളൂരു ഇന്‍റർസിറ്റി ട്രെയിനിലായിരുന്നു യുവാവ് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. എന്നാൽ, പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു.
കോഴിക്കോട് മുതൽ പ്രതി യാത്രക്കാരിയെ പിന്തുടരുന്നുണ്ടായിരുന്നു. ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷൻ വിട്ടപ്പോൾ ഇയാൾ യാത്രക്കാരിയുടെ മാല പൊട്ടിച്ചു. രക്ഷപ്പെടാനായി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇയാൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞത്. പ്രതിക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പ്രതിയുടെ പേരിൽ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ്ഐ പ്രദീപ്കുമാർ സി, എ.എസ്ഐമാരായ ഷമീർ, ഷൈജു പ്രശാന്ത്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.