അബൂദാബി: അബൂദാബിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്നു കുട്ടികൾ ഉൾപ്പെടെ നാലു മലയാളികൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് മരിച്ചത്.
ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുനതിനിടെ ഇന്ന് രാവിലെ അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും അബൂദാബി ശൈഖ് ശഖ്ബൂത്ത് ആശുപ്രതിയിൽ തീവ്ര പരിചരണത്തിലാണ്. ഇവർ സഞ്ചരിച്ച നിസാൻ കാറിൽ ലത്തീഫും ഭാര്യ റുക്സാനയും, ഇവരുടെ മക്കളായ അഷാസ്, അമ്മാർ, ഇസ, അസാം, അയാഷ് എന്നിവരും വീട്ടുവേലക്കാരി ബുഷ്റയുമാണ് യാത്ര ചെയ്തിരുന്നത്.
ദുബായിൽ വ്യാപാരിയായ ലത്തീഫും കുടുംബവും വർഷങ്ങളായി പ്രവാസ ജീവിതം നയിച്ചുവരികയാണ്. അബ്ദുൽ ലത്തീഫ് നേരത്തെ ജിദ്ദയിലും റിയാദിലും പ്രവാസിയായിരുന്നു. അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. യുഎഇയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.